TRUTH AND FAITH

Monday, November 1, 2010

ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് ഈ മാസം; പുതിയ ശമ്പളം ഏപ്രില്‍ ഒന്നിന്‌ .

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള ഒന്‍പതാം ശമ്പള കമ്മീഷന്‍ ഈ മാസം തന്നെ റിപ്പോര്‍ട്ട് നല്‍കും. 2011 ഏപ്രില്‍ മുതല്‍ ഈ പുതിയ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍വകലാശാലകള്‍, ഹൈക്കോടതി, ജല അതോറിറ്റി എന്നിവയിലെയും ശമ്പള പരിഷ്‌കരണത്തെപ്പറ്റി ശുപാര്‍ശ നല്‍കാനും ഇതേ കമ്മീഷനെ പുതുതായി സര്‍ക്കാര്‍ചുമതലപ്പെടുത്തി.
കോളേജധ്യാപകരുടെ ശമ്പളം യു.ജി.സിയും എന്‍ജിനീയറിങ് കോളേജ് അധ്യാപകരുടേത് എ.ഐ.സി.ടി.ഇയും വന്‍തോതില്‍ കൂട്ടിയത് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഡോക്ടര്‍മാരുടെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ തന്നെ കൂട്ടി. സര്‍ക്കാര്‍ ജീവനക്കാരും ഈ വിഭാഗങ്ങളും തമ്മില്‍ ഇപ്പോള്‍ ശമ്പളത്തില്‍ വലിയ അന്തരമുണ്ട്. എന്നാല്‍ ഈ വ്യത്യാസം പരിഹരിക്കുന്ന തരത്തിലുള്ള ശമ്പളപരിഷ്‌കരണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനാവില്ല . ശമ്പളം കൂട്ടാന്‍ 2000 കോടി രൂപയിലധികം ബാധ്യത ഏറ്റെടുത്താല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാകില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിലേതിന് തുല്യമായ ശമ്പളം എന്ന ജീവനക്കാരുടെ ആവശ്യവും നടക്കില്ല.
ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ശമ്പളക്കമ്മീഷന് ഡിസംബര്‍ വരെ സര്‍ക്കാര്‍ കാലാവധി നല്‍കിയിട്ടുണ്ട്. ഫിബ്രവരിയില്‍ രൂപവത്കരിച്ച കമ്മീഷന്റെ കാലാവധി ആറുമാസമായിരുന്നു. ഇത് പിന്നീട് നീട്ടി. തെളിവെടുപ്പുകളും ചര്‍ച്ചകളുമെല്ലാം പൂര്‍ത്തിയായി. അതിനാല്‍ നവംബറില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് ശമ്പളക്കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ശമ്പളഘടനയ്ക്ക് അന്തിമരൂപമായിട്ടില്ല.
റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചാലും ശമ്പള പരിഷ്‌കരണം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് പിന്നെയും മൂന്ന് മാസംവരെ വേണ്ടിവരും. റിപ്പോര്‍ട്ട് ധനവകുപ്പ് പരിശോധിക്കണം. പിന്നീട് മന്ത്രിസഭ പരിഗണിച്ച് തീരുമാനമെടുക്കണം. ഉത്തരവാകുന്നതിനുമുമ്പ് അക്കൗണ്ടന്‍റ് ജനറലും പരിശോധിക്കണം. ഫിബ്രവരിയോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 2010-11 വര്‍ഷത്തെ ബജറ്റില്‍ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടുത്തും. മാര്‍ച്ചിലാണ് ബജറ്റ് അവതരിപ്പിക്കുക.

No comments:

Post a Comment